മൂവാറ്റുപുഴ: എംസി റോഡില്‍ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. ആറൂര്‍ കൈപ്പാംതടത്തില് ശ്യാംജിത്ത് (19), മീങ്കുന്നം മുത്തോലില്‍ ആല്ബിന് (16) എന്നിവരാണ് മരിച്ചത്.
ആറൂര്‍ ചോളപ്പാറ സനു ജോണ്സന് നിസാര പരിക്കേറ്റു. മീങ്കുന്നം സാറ്റ്ലൈറ്റ് എര്‍ത്ത് സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു അപകടം.
മൂവരെയും ഉടൻ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്യാംജിത്തിന്റെയും ആൽബിന്റെയും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സനുവിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്കി വിട്ടയച്ചു. ആരക്കുഴ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു ആല്ബിന്. സംസ്കാരം നടത്തി.
പിതാവ്: കൃപ. അമ്മ : ടിനു. സഹോദരങ്ങള്‍: ആകാശ്, അബി, ആബേല്‍. ശ്യാംജിത്തിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മൂവാറ്റുപുഴ നഗരസഭാ ശ്മശാനത്തില്‍. മാറാടി കായനാടുള്ള മിനറല്‍ വാട്ടര്‍ കമ്പനിയില്‍ സഹോദരന് ശ്യാമിനൊപ്പം ജോലിചെയ്ത് വരികയായിരുന്നു ശ്യാംജിത്ത്. പിതാവ്: ഷണ്മുഖം. അമ്മ: മായ.